Wednesday, October 8, 2014

വെച്ചൂച്ചിറ

ഞാന്‍ ജനിച്ചു അൻചു വയസ്സു വരെ ഞങ്ങൾ താമസ്സിച്ചിരുന്നത്‌ റാന്നിയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തായിരുന്നു. വെച്ചൂച്ചിറ ശബരിമല വനത്തിനോടു ചേർന്നു കിടക്കുന്ന സ്ഥലമാണ്‌.  ശബരിമലയിലേക്കു ഭക്തന്മാർ കാൽനടയായി യാത്ര തിരുക്കുന്ന എരുമേലി ഈ വെച്ചൂച്ചിറയുമായി അടുത്തു കിടക്കുന്ന സ്ഥലമാണ്‌. പമ്പാ നദിയിലേ പെരുംതേനരുവി വെള്ളച്ചാട്ടം വെച്ചൂച്ചിറയിലാണ്‌. 
 
1957 ൽ ആണ്‌ ഞാൻ ജനിച്ചത്‌. ആ ചെറു പ്രായത്തിൽ സംഭവിച്ച ചില കാര്യങ്ങൾ എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്‌. അതിൽ ചിലത്‌ ഇവടെ കുറിച്ചിടട്ടെ. ഞങ്ങൾ അന്നു താമസ്സിച്ചിരുന്ന വീടു ഒരു മലംചരിവിലാണ്‌. കുറേ പടികൾ ഇറങ്ങി താഴെ വന്ന് റോഡിലേക്കു നോക്കി നിൽക്കുന്നതു ഞാൻ നന്നായി ഓർക്കുന്നു. വിറകു പറക്കാനായി സ്ത്രീകൾ മുകളിലേക്കു കയറി പോകുന്നതും വിറകുമായി അവർ ഇറങ്ങി വരുന്നതും ഒരു നിഴൽ പോലെ എന്റെ ഓർമ്മയിൽ ഉണ്ട്‌. വനം അടുത്ത്‌ എവിടെയോ ആയിരുന്നിരിക്കണം. പിന്നീട്‌ ഒരിക്കലും ഞങ്ങൾ അവിടെ പോയതായി ഞാൻ ഓർക്കുന്നില്ല. അതോ ആ സമയംകൊണ്ടു വനം നശിപ്പിക്കപെട്ടോ?
 
അതേപോലെ ഒരിക്കലും ഒരു വന്യമൃഗത്തിനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. കരിംകുരങ്ങു രസായനത്തിന്റെ ഒക്കെ പരസ്യങ്ങൾ ധാരാളം വന്നിരുന്ന കാലമാണത്‌. ചിലപ്പോൾ മൃഗങ്ങൾ ഭയന്നു പുറത്തു വരാത്തതും ആകാം. കൊട്ടാരക്കരക്കാരിയായ എന്റെ അമ്മ വനത്തിനടുത്തു താമസ്സിച്ചിട്ടില്ല. അതുകൊണ്ട്‌ പാമ്പുകളേപറ്റി കുറേ ഭീകര കഥകൾ പിന്നിടു അമ്മ പറഞ്ഞ്‌ അറിഞ്ഞിട്ടുണ്ട്‌.  അമ്മ വനത്തിൽ കിടന്ന ശവങ്ങളേയും പറ്റി കഥകൾ പറഞ്ഞിട്ടുണ്ട്‌. ചിലപ്പോൾ മൃഗങ്ങളേ കൊന്നു മടുക്കുമ്പോൽ ഇനിയും കുറേ  മനുഷ്യരെ കൊന്നു രസിക്കാം എന്നു ആ ഭീകരർ തീരുമാനിച്ചിട്ടുണ്ടാവാം. 
 
ചക്കിലിട്ടു കരിമ്പ്‌ ആട്ടിന്നത്‌ ഞാൻ ആദ്യമായും അവസാനമായും കാണുന്നത്‌ അന്നാണ്‌.  കാള ചക്കിനെ ഇട്ടു കറക്കും. അതിന്റെ നടുവിലെവിടെയോ കരിമ്പ്‌ ഇട്ടു കൊടുക്കും. അതൊന്നും വ്യക്തമായിട്ടു ഓർക്കാൻ കഴിയുന്നില്ല, പക്ഷെ വക്തമായി ഓർക്കുന്ന ഒന്നുണ്ട്‌, അതു ശർക്കര പാനി കുടിക്കുന്നതാണ്‌. അതേ പോലെയുള്ള ഒരു മധുരം പിന്നീടു ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. അതും ചെറു ചൂടോടെ അതു കിട്ടുമ്പോൾ ഉള്ള സന്തോഷം എങ്ങനെയാ പങ്കു വെയ്ക്കുക.  ഇന്ന്‌ അവിടെയെങ്ങും കരിമ്പിൻ തോട്ടം ഉള്ളതായി അറിവില്ല, ഉള്ളതു റബർ മാത്രം. 
 
 
പിന്നീടു ഓർക്കുന്നതു ഞങ്ങളുടെ പട്ടിയുടെ 'വരി' എടുക്കുന്നതാണ്‌. ഈ 'വരി' എന്ന വാക്കു ശരിയാണോ എന്നു എനിക്കറിയില്ല. അതു ഞാൻ പിന്നീടു ഒരിക്കലും കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ആ പട്ടിയുടെ കരച്ചിൽ ഇന്നും ചെവിയിൽ മുഴങ്ങുന്നു. പട്ടിയുടെ ശൗര്യം കൂടാനാണത്രേ ഈ വരിയെടുക്കുന്നത്‌. ഇന്നത്തേ ശസ്ത്രക്രിയക്കു പകരമാവാം അന്നത്തെ ഈ പരിപാടി. 
 
പിന്നീട്‌ എപ്പോഴോ എന്നെ ആശാൻ പള്ളിക്കൂടത്തിൽ ചേർത്തു. ആശാൻ കൈ പിടിച്ചു മണലിൽ എഴുതിക്കും. ചൂണ്ടു വിരലിന്റെ തുമ്പു പിടിച്ചാണു ഈ പരിപാടി. വേദന കൊണ്ടു കണ്ണിൽ വെള്ളം വെരും. അപ്പോൾ എഴുതുന്നതും പറയുന്നതും എങ്ങനെ ശ്രദ്ധിക്കും. എന്റെ അമ്മ പറയുന്നത്‌ ഞാൻ 'അ' എന്ന അക്ഷരം എഴുതാൻ ആറു മാസം എടുത്തു എന്നാണു, അതൊകൊണ്ട്‌ തന്നെ എന്നെ പഠിപ്പിച്ചിട്ടു വലിയ പ്രയോജനം ഇല്ല എന്നു അമ്മ കരുതി. അമ്മയുടെ ഈ വിശ്വാസം പിന്നീടു മാറിയോ എന്തോ?  പക്ഷെ എന്നെ പറ്റി അമ്മ പിന്നീടു പറഞ്ഞതു ഇങ്ങനെയാണു്. ' അവനൊരു മണ്ടനാനെന്നേ, കുറേ പുസ്തകം കൊടുത്താൽ അതും നോക്കികൊണ്ടു ഇരുന്നോളും'
 
 
 

No comments:

Post a Comment