Wednesday, October 8, 2014

വെച്ചൂച്ചിറ

ഞാന്‍ ജനിച്ചു അൻചു വയസ്സു വരെ ഞങ്ങൾ താമസ്സിച്ചിരുന്നത്‌ റാന്നിയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തായിരുന്നു. വെച്ചൂച്ചിറ ശബരിമല വനത്തിനോടു ചേർന്നു കിടക്കുന്ന സ്ഥലമാണ്‌.  ശബരിമലയിലേക്കു ഭക്തന്മാർ കാൽനടയായി യാത്ര തിരുക്കുന്ന എരുമേലി ഈ വെച്ചൂച്ചിറയുമായി അടുത്തു കിടക്കുന്ന സ്ഥലമാണ്‌. പമ്പാ നദിയിലേ പെരുംതേനരുവി വെള്ളച്ചാട്ടം വെച്ചൂച്ചിറയിലാണ്‌. 
 
1957 ൽ ആണ്‌ ഞാൻ ജനിച്ചത്‌. ആ ചെറു പ്രായത്തിൽ സംഭവിച്ച ചില കാര്യങ്ങൾ എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്‌. അതിൽ ചിലത്‌ ഇവടെ കുറിച്ചിടട്ടെ. ഞങ്ങൾ അന്നു താമസ്സിച്ചിരുന്ന വീടു ഒരു മലംചരിവിലാണ്‌. കുറേ പടികൾ ഇറങ്ങി താഴെ വന്ന് റോഡിലേക്കു നോക്കി നിൽക്കുന്നതു ഞാൻ നന്നായി ഓർക്കുന്നു. വിറകു പറക്കാനായി സ്ത്രീകൾ മുകളിലേക്കു കയറി പോകുന്നതും വിറകുമായി അവർ ഇറങ്ങി വരുന്നതും ഒരു നിഴൽ പോലെ എന്റെ ഓർമ്മയിൽ ഉണ്ട്‌. വനം അടുത്ത്‌ എവിടെയോ ആയിരുന്നിരിക്കണം. പിന്നീട്‌ ഒരിക്കലും ഞങ്ങൾ അവിടെ പോയതായി ഞാൻ ഓർക്കുന്നില്ല. അതോ ആ സമയംകൊണ്ടു വനം നശിപ്പിക്കപെട്ടോ?
 
അതേപോലെ ഒരിക്കലും ഒരു വന്യമൃഗത്തിനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല. കരിംകുരങ്ങു രസായനത്തിന്റെ ഒക്കെ പരസ്യങ്ങൾ ധാരാളം വന്നിരുന്ന കാലമാണത്‌. ചിലപ്പോൾ മൃഗങ്ങൾ ഭയന്നു പുറത്തു വരാത്തതും ആകാം. കൊട്ടാരക്കരക്കാരിയായ എന്റെ അമ്മ വനത്തിനടുത്തു താമസ്സിച്ചിട്ടില്ല. അതുകൊണ്ട്‌ പാമ്പുകളേപറ്റി കുറേ ഭീകര കഥകൾ പിന്നിടു അമ്മ പറഞ്ഞ്‌ അറിഞ്ഞിട്ടുണ്ട്‌.  അമ്മ വനത്തിൽ കിടന്ന ശവങ്ങളേയും പറ്റി കഥകൾ പറഞ്ഞിട്ടുണ്ട്‌. ചിലപ്പോൾ മൃഗങ്ങളേ കൊന്നു മടുക്കുമ്പോൽ ഇനിയും കുറേ  മനുഷ്യരെ കൊന്നു രസിക്കാം എന്നു ആ ഭീകരർ തീരുമാനിച്ചിട്ടുണ്ടാവാം. 
 
ചക്കിലിട്ടു കരിമ്പ്‌ ആട്ടിന്നത്‌ ഞാൻ ആദ്യമായും അവസാനമായും കാണുന്നത്‌ അന്നാണ്‌.  കാള ചക്കിനെ ഇട്ടു കറക്കും. അതിന്റെ നടുവിലെവിടെയോ കരിമ്പ്‌ ഇട്ടു കൊടുക്കും. അതൊന്നും വ്യക്തമായിട്ടു ഓർക്കാൻ കഴിയുന്നില്ല, പക്ഷെ വക്തമായി ഓർക്കുന്ന ഒന്നുണ്ട്‌, അതു ശർക്കര പാനി കുടിക്കുന്നതാണ്‌. അതേ പോലെയുള്ള ഒരു മധുരം പിന്നീടു ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. അതും ചെറു ചൂടോടെ അതു കിട്ടുമ്പോൾ ഉള്ള സന്തോഷം എങ്ങനെയാ പങ്കു വെയ്ക്കുക.  ഇന്ന്‌ അവിടെയെങ്ങും കരിമ്പിൻ തോട്ടം ഉള്ളതായി അറിവില്ല, ഉള്ളതു റബർ മാത്രം. 
 
 
പിന്നീടു ഓർക്കുന്നതു ഞങ്ങളുടെ പട്ടിയുടെ 'വരി' എടുക്കുന്നതാണ്‌. ഈ 'വരി' എന്ന വാക്കു ശരിയാണോ എന്നു എനിക്കറിയില്ല. അതു ഞാൻ പിന്നീടു ഒരിക്കലും കണ്ടിട്ടില്ല, കേട്ടിട്ടും ഇല്ല. ആ പട്ടിയുടെ കരച്ചിൽ ഇന്നും ചെവിയിൽ മുഴങ്ങുന്നു. പട്ടിയുടെ ശൗര്യം കൂടാനാണത്രേ ഈ വരിയെടുക്കുന്നത്‌. ഇന്നത്തേ ശസ്ത്രക്രിയക്കു പകരമാവാം അന്നത്തെ ഈ പരിപാടി. 
 
പിന്നീട്‌ എപ്പോഴോ എന്നെ ആശാൻ പള്ളിക്കൂടത്തിൽ ചേർത്തു. ആശാൻ കൈ പിടിച്ചു മണലിൽ എഴുതിക്കും. ചൂണ്ടു വിരലിന്റെ തുമ്പു പിടിച്ചാണു ഈ പരിപാടി. വേദന കൊണ്ടു കണ്ണിൽ വെള്ളം വെരും. അപ്പോൾ എഴുതുന്നതും പറയുന്നതും എങ്ങനെ ശ്രദ്ധിക്കും. എന്റെ അമ്മ പറയുന്നത്‌ ഞാൻ 'അ' എന്ന അക്ഷരം എഴുതാൻ ആറു മാസം എടുത്തു എന്നാണു, അതൊകൊണ്ട്‌ തന്നെ എന്നെ പഠിപ്പിച്ചിട്ടു വലിയ പ്രയോജനം ഇല്ല എന്നു അമ്മ കരുതി. അമ്മയുടെ ഈ വിശ്വാസം പിന്നീടു മാറിയോ എന്തോ?  പക്ഷെ എന്നെ പറ്റി അമ്മ പിന്നീടു പറഞ്ഞതു ഇങ്ങനെയാണു്. ' അവനൊരു മണ്ടനാനെന്നേ, കുറേ പുസ്തകം കൊടുത്താൽ അതും നോക്കികൊണ്ടു ഇരുന്നോളും'
 
 
 

Thursday, April 24, 2014

ചില ദേവദൂതന്‍മാര്‍

ടിയന്തിരാവസ്ഥ കാലത്ത്‌ അതിനെതിരായി സംസാരിച്ചു എന്ന കുറ്റതിനു എണ്റ്റെ പേരില്‍ ഒരു കേസുണ്ടായി. ഇതിനേ തുടര്‍ന്ന്‌ ഞാനും പോലീസും തമ്മില്‍ കുറച്ചു കാലം ഒളിച്ചു കളി നടത്തി. ഇതില്‍ രസകരമായ ചില സംഭവങ്ങള്‍ ഉണ്ട്‌. ആ സംഭവങ്ങളിലേക്കു കടക്കുന്നതിനു മുന്‍പായി അന്നത്തെ പശ്ചാത്തലം കൂടി വിവരിക്കേണ്ടതുണ്ട്‌. ഞാന്‍ അന്നു തിരുവനന്തപുരത്തു പഠിക്കുന്നു, വയസ്സു ൧൭ നും ൧൮നും ഇടയില്‍. ഇതു ൧൯൭൫ ലെ ഇന്‍ഡ്യ ആണു്‌. നിരത്തില്‍ വാഹനങ്ങള്‍ കുറവാണു, അംബാസിഡറും ഫീയറ്റും മാത്രമാണു അന്നത്തെ കാറുകള്‍. കാറുകളേ പറ്റി പറഞ്ഞത്‌, ഈ കാറുകള്‍ക്കു ഇനി പറയാന്‍ പോകുന്ന സംഭവങ്ങളില്‍ ഒരു പങ്കു വഹിക്കാനുണ്ട്‌ എന്നുള്ളതു കൊണ്ടാണു്‌.

നിയമപാലകര്‍ ആകേണ്ടിയ പോലിസുകാരിലെ ഒരു വിഭാഗം നിയമ ലംഘകര്‍ ആകുന്നതിനും ഈ കാലം സാക്ഷിയായി. അറസ്റ്റു ചെയ്യുന്നവരെ കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പില്‍ സൂക്ഷിച്ചു ശിക്ഷ നേരിട്ടു നടത്താന്‍ അവരെ നമ്മുടെ ഭരണഘടന ഏല്‍പ്പിച്ചിക്കുന്നു എന്നു സംശയിക്കേണ്ടുന്ന വിധത്തിലാണു ഈ കൂട്ടരുടെ പെരുമാറ്റം. അടിയന്തിയരാവസ്ഥയേ എതിര്‍ത്താല്‍ ഞങ്ങള്‍ നിങ്ങളെ ലോക്കപ്പിലിട്ടു തല്ലും, ഇതാണു അന്നത്തെ അവസ്ഥ. ഇങ്ങനെ നിയമം കൈയ്യിലെടുത്ത കുറച്ചു പോലീസുകര്‍കെങ്കിലും പിന്നീടു ശിക്ഷ കിട്ടി. പക്ഷെ പലരും പിന്നീടും പൊലീസിണ്റ്റെ തലപ്പത്തു തുടര്‍ന്നു എന്നത്‌ നമ്മുടെ ജനാധിപത്യത്തിണ്റ്റെ പരാജയമായി നമ്മള്‍ കാണണം. ഇത്രയും ആമുഖായി പറഞ്ഞുകൊണ്ടു നമുക്കു സംഭവങ്ങളിലേക്കു കടക്കാം. കുറെയേറെ സംഭവങ്ങള്‍ ഉണ്ടങ്കിലും അതില്‍ കാറുകള്‍ കഥാപാത്രമാവുന്നതു മാത്രം പറയാം.

സംഗതി കേസായി എന്നു ഞാന്‍ അറിയുന്നതു തന്നെ പോലീസു കോളേജില്‍ എത്തുമ്പോള്‍ ആണു, അവിടെ നിന്നു രക്ഷപെട്ട ഞാന്‍ പോകുന്നതു എണ്റ്റെ ഒരു സുഹ്രുത്തിണ്റ്റെ അടുത്തേക്കാണു. കാര്യങ്ങള്‍ അവനെ സാവകാശം പറഞ്ഞു മനസ്സിലാക്കം എന്നു കരുതിയാണു ഞാന്‍ ചെല്ലുന്നതു്‌. പക്ഷെ ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ ഒരു അംബാസിഡര്‍ കാറില്‍ എങ്ങോട്ടോ പോകാന്‍ തയ്യാറായി നില്‍ക്കുകയാണു്‌. "ആ വാ നമുക്കു ഒരു സ്ഥലം വരെ പോകാം, കാറില്‍ കേറൂ" അതു പറഞ്ഞു അവന്‍ എന്നെ കാറില്‍ വലിച്ചു കേറ്റി. കാറില്‍ അവനെ കൂടാതെ വേറേയും ചിലര്‍ ഉണ്ടു, കാര്യങ്ങള്‍ സംസാരിക്കനുള്ള അന്തരീക്ഷമല്ല. "എങ്ങോട്ടാ പോകുന്നേ?", ഞാന്‍ ചോദിച്ചു. "രാജ്ഭവനിലേക്കു്‌" അവന്‍ പറഞ്ഞു, "ഇന്നല്ലേ പുതിയ മന്ത്രിമാരുടെ സത്യപതിജ്ഞ". ഞാന്‍ ആദ്യമായിട്ടാണു രാജ്ഭവനില്‍ പോകുന്നതു്‌, സത്യപ്രതിജ്ഞയും കണ്ടിട്ടില്ല. പക്ഷെ തിരുവന്തപുരത്തെ എല്ലാ പോലീസുകാരും അന്നു രാജ്ഭവനില്‍ വരും. രക്ഷപെടാന്‍ ഒരു വഴിയും ഇല്ല. കാറില്‍ നിന്നു പുറത്തു ഇറങ്ങി പോകാം എന്നു വെച്ചാല്‍ ഈ സമയത്തു വേറെ ആരേ സമീപിക്കാന്‍ എന്നെനിക്കു അറിയില്ല, തിരുവനന്തപുരത്തു എത്തിയിട്ടു കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. എന്തും വരട്ടേ എന്നു കരുതി കാറില്‍ മിണ്ടാതെ ഇരിന്നു. നാളെത്തെ പകല്‍ ഞാന്‍ കാണുമോ എന്തോ? രാജ്ഭവനില്‍ എത്തി, അവിടെ നിറയെ പോലീസാണു്‌, പക്ഷെ അതില്‍ എത്രയോ ഇരട്ടി ആള്‍ക്കാരും ഉണ്ടു്‌. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞു, കാര്‍ തിരിച്ചു മടങ്ങി, "എന്നെ ഞാന്‍ താമസ്സിക്കുന്ന സ്ഥലത്തു വിട്ടാല്‍ മതി" ഞാന്‍ പറഞ്ഞു. ഞാന്‍ താമസ്സിക്കുന്നതിനു അടുത്തു കാറില്‍ നിന്നു ഇറങ്ങി, താമസ്സിക്കുന്ന ഹോസ്റ്റെലിലേക്കു നടന്നു. വഴിയില്‍ വെച്ചു ചില സുഹ്രുത്തുക്കളെ കണ്ടു മുട്ടി. "ടോ താന്‍ എങ്ങോട്ടാ പോകുന്നെ, തന്നെ അന്വേഷിച്ചു പോലീസു അവടെയെല്ലാം കറങ്ങി നടപ്പൊണ്ടു്‌". രാജ്ഭവനു നന്ദി. പോലീസു പിടിക്കുന്നതില്‍ നിന്നു രാജ്ഭവന്‍ രക്ഷിച്ചു.

ടുത്തു പറയുന്ന സംഭവത്തില്‍ ഒരു അംബാസിഡര്‍ കാറും, ഫീയറ്റു കാറും കഥാപാത്രങ്ങളാണു'. സിനിമയിലേ പോലെ "ചേയ്സിങ്ങും" ഉണ്ട്‌. എന്നു മാത്രമല്ലാ, പോലീസിനെ പറ്റി ഞാന്‍ നേരെത്തേ പറഞ്ഞ കര്യങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമല്ല എന്നും ബോധ്യപെടും.

ടിയന്തിരാവസ്ഥ കാലത്തു നമ്മുടെ പോലീസു ഒരു ഗുണ്ടാ സംഘത്തിണ്റ്റെ നിലവാരത്തിലേക്കു താണു. ഭരണഘടന നമ്മുക്കു നല്‍കുന്ന Fundamental Rights മാത്രമെ suspend ചെയ്യപെട്ടിട്ടുള്ളു, കോടതികളെ ഇല്ലാതാക്കിയിട്ടില്ല. ഏണ്റ്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം രാജ്യദ്രോഹം ആണൂ്‌. എനിക്കു അതു കോടതിയില്‍ defend ചെയ്യാം. പക്ഷെ അങ്ങനെ കോടതിക്കു ഈ കേസു വിട്ടു കൊടുത്താല്‍ ശരിയാവില്ലാ എന്നു നമ്മുടെ പോലീസു തീരുമാനിക്കുന്നു. ഈ തീരുമനാത്തില്‍ അന്നത്തെ എത്ര പോലീസു ഉദ്യോഗസ്ഥര്‍ ഉള്‍പെട്ടിട്ടുണ്ട്‌ എന്ന്‌ അറിവില്ല. പക്ഷേ വലിയ ഒരു ഗൂഡാലോചനയാണു നടന്നത്‌. ഇതു നടക്കുന്നതു ആദ്യം വിവരിച്ച സംഭവങ്ങള്‍ കഴിഞ്ഞു പല മാസങ്ങള്‍ കഴിഞ്ഞാണു, പോലീസു എന്നെ അറസ്റ്റു ചെയ്യാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. അവസാനം എണ്റ്റെ അച്ഛനുള്‍പെടെ പലരും ഇതില്‍ ഇടപെട്ടു. അടിയന്തിരാവസ്ഥയെ പരസ്യമായും രഹസ്യമായും എതിര്‍ത്തവര്‍ പലരും സഹായുവുമായി എത്തി. അങ്ങനെ കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിക്കുന്നു. ഇതിനിടെ എണ്റ്റെ ആരോഗ്യനിലയും വളരെ മോശമായി കഴിഞ്ഞിരുന്നു. ഒരു മിടുക്കാനയ വക്കീല്‍ സഹായിക്കാം എന്നു എല്‍ക്കുന്നു. ഇദ്ദേഹത്തിണ്റ്റെ സഹായം എത്ര വലുതായിരുന്നു എന്നു നമ്മള്‍ ഉടനെ കാണും. ഇദ്ദേഹത്തിനു സ്വന്തമായി ഒരു ഫീയറ്റു കാറാണു ഉണ്ടായിരുന്നത്‌. ഞങ്ങളില്‍ ചിലര്‍ കോടതിയില്‍ കീഴടുങ്ങുന്ന കാര്യം പോലീസു മണത്തു അറിയുന്നു. അതു തടയാന്‍ അവര്‍ പദ്ധതി ഒരുക്കുന്നു.

ക്കീല്‍ ഞങ്ങളുടെ അടുത്ത്‌ ഒരു ദിവസം കോടതിയില്‍ എത്താന്‍ പറയുന്നു. അന്നു ഇതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും, കോടതി വളപ്പില്‍ വെച്ചു പോലീസ്‌ അറെസ്റ്റ്‌ ചെയ്യില്ലെന്നും ഉറപ്പു തരുന്നു. ഞങ്ങള്‍ ആ ദിവസം രഹസ്യമായി കോടതിയില്‍ എത്തുന്നു. കോടതിയില്‍ അന്നു പതിവില്‍ കൂടതല്‍ പോലീസ്‌ ഉണ്ട്‌, പക്ഷെ അവര്‍ ഞങ്ങളേ ശ്രദ്ധിക്കുന്നില്ല. മണിക്കൂറകള്‍ ഇഴഞ്ഞു നീങ്ങി. ഉച്ച കഴിഞ്ഞു, കോടതി പിരിയാറായി. വക്കീല്‍ വന്നു ഞങ്ങളെ വിളിച്ചു, കോടതിയില്‍ കേറി. കേസ്‌ വിളിച്ചു. പക്ഷെ judge പറഞ്ഞു, ഇന്നു ഈ കേസ്‌ പരിഗണിക്കാന്‍ ആവില്ല, നാളെ ഇതു കേള്‍ക്കാം. അപ്പോഴാണു അതില്‍ പതിയിരുന്ന അപകടം എല്ലാവര്‍ക്കും ബോധ്യമായതു്‌. ഇതായിരുന്നു പോലീസ്‌ കാത്തിരുന്ന അവസരം. ഇനി ഞങ്ങളെ അവര്‍ക്കു അറസ്റ്റ്‌ ചെയ്യാം. നാളെ കോടതിയില്‍ ഞങ്ങള്‍ വരണോ വേണ്ടായോ എന്നു അവര്‍ തീരുമാനിക്കും, ഞങ്ങള്‍ ജീവിച്ചിരുന്നാലല്ലേ കോടതിയില്‍ കൊണ്ടുവരേണ്ടിയതുള്ളു. കോടതിയേ സംബന്ധിച്ചാടത്തോളം കേസ്‌ വിളിച്ചപ്പോള്‍ വരാതിരുന്ന ഒരാള്‍.

അപകടം ഞങ്ങളുടെ വക്കീല്‍ മുന്‍കൂട്ടി കണ്ടിരുന്നു. അദ്ദേഹം ഞങ്ങളേ അങ്ങനെ ഉപേക്ഷിച്ചു പോകാന്‍ തയ്യാറല്ലായിരുന്നു. എന്തു വിലകൊടുത്തും പോലീസിണ്റ്റെ ഈ ഗൂഡാലോചന തകര്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇത്രയും commitment തങ്ങളുടെ തൊഴിലിനോടു ഇന്നു ആരെങ്കിലും കാണിക്കുമോ എന്നു അറിയില്ല. അദ്ദേഹം ഞങ്ങളോട്‌ അദ്ദേഹത്തിണ്റ്റെ ഫീയറ്റ്‌ കാറില്‍ കയറാന്‍ പറഞ്ഞു. പോലീസിനു എന്താണു സംഭവിക്കുന്നത്‌ എന്നു മനസ്സിലാക്കാന്‍ പറ്റുന്നതിനു മുന്‍പായി, ആ കാര്‍ അതിവേഗം പാഞ്ഞു. പോലീസു വണ്ടി ഞങ്ങളുടെ പുറകേയും പാഞ്ഞു. ഒരു ചെറിയ റോഡിലേക്കു വണ്ടി തിരിഞ്ഞാപ്പോള്‍ ഞങ്ങളുടെ കാറിനും പോലീസു വണ്ടിക്കും ഇടയില്‍ വേറൊരു വണ്ടി വന്നു തിരിഞ്ഞു. ഇതു നേരെത്തേ plan ചെയ്തിരുന്നതാണോ എന്നു എനിക്കറിയില്ല. പക്ഷേ പിന്നിടു വന്നതു ഒരു നല്ല വളവാണു്‌, ഞങ്ങളോടെ അവിടെ ഇറങ്ങാന്‍ അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ അവിടെ ഇറങ്ങി അടുത്തുള്ള ഒരു ചെറു ഇടവഴിയില്‍ ഒളിച്ചു. പോലീസു വണ്ടി ഞങ്ങള്‍ നിന്നിരുന്നിടവും കടന്നു വക്കീലിണ്റ്റെ വണ്ടിക്കു പിന്നാലേ വച്ചു പിടിച്ചു. അദ്ദേഹം ആ chasing അദ്ദേഹത്തിണ്റ്റെ വീടു വരെ കൊണ്ടു പോയി. അപ്പോഴാണു ഞങ്ങള്‍ കാറിലില്ല എന്നു പോലീസിനു മനസ്സിലായത്‌. ആരോ വന്നു ഞങ്ങളേ കൂട്ടികൊണ്ടു പോയി അടുത്തുള്ള ഒരു ഒഴിഞ്ഞ വീട്ടില്‍ ആക്കി.

നേരം സന്ധ്യായായി. പുറത്തെന്താണു നടക്കുന്നത്‌ എന്നു അറിയാന്‍ ഒരു വഴിയും ഇല്ലാതെ ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ആരോ വന്നു കതകു തട്ടി, ഞങ്ങള്‍ കതകു തുറന്നു. അപരിചിതനായ ഒരാള്‍. "നിങ്ങളേ ആണോ പോലീസു തിരയുന്നത്‌", ഞങ്ങള്‍ എന്തു പറയണം എന്നു അറിയാതെ നിന്നു. "ഭയപ്പെടേണ്ടാ, ഞാന്‍ നിങ്ങളേ രക്ഷിക്കാന്‍ വന്നതാണൂ്‌, ഈ സ്ഥലം പോലീസ്‌ വളഞ്ഞിരിക്കുകയാണു്‌, എല്ലാ വീട്ടിലും പോലീസു കയറി പരിശോധിക്കുകയാണു്‌" അദ്ദേഹം ഒരു ദൈവദൂതനാണോ എന്നു ഞാന്‍ സംശയിച്ചു. "ഞാന്‍ കാര്‍ കൊണ്ടു വന്നിട്ടുണ്ട്‌, പോലീസിണ്റ്റെ കണ്ണില്‍ പെടാതെ ദൂരത്താണു ഇട്ടിരിക്കുന്നതു, അങ്ങോട്ടു ചില ഇട വഴിയില്‍ കൂടെ എത്താം." ഞങ്ങല്‍ അദ്ദേഹത്തോടൊപ്പം പോയി, അദ്ദേഹത്തിണ്റ്റെ അംബാസിഡര്‍ കാറില്‍ കേറി. "ഞാന്‍ കുറച്ചു ദൂരെ ഒരു വീടു വെയ്കുന്നുണ്ട്‌. ഇന്നു രാത്രി നിങ്ങള്‍ക്കു ആ വീട്ടില്‍ കഴിയാം, ആഹാരത്തിനും ഞാന്‍ വഴിയുണ്ടാക്കാം".

ടിയന്തിരാവസ്ഥയെ ഭയന്ന്‌ പൊത്തിലൊളിച്ച എത്രയോ വീരന്‍മാരെ എനിക്കറിയാം. ഇതാ ഞാന്‍ ജീവതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ദേവദൂതനേ പോലെ എത്തിയിരിക്കുന്നു.